Sat, 9 August 2025
ad

ADVERTISEMENT

Filter By Tag : Iran War

'ഓപ്പറേഷന്‍ സിന്ധു'; 1428 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

സ്വന്തം ലേഖകന്‍


ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിച്ചതോടെ ഇറാനിലെ ഇന്ത്യക്കാരുമായുള്ള അഞ്ചാമത്തെ വിമാനം ഇന്നലെ ഡല്‍ഹിലെത്തി. ഇതോടെ ഇറാനില്‍ കുടുങ്ങിയ 1428 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. ഒരു മലയാളി ഉള്‍പ്പെടെ 311 പേരെ വഹിച്ചുകൊണ്ടുള്ള അഞ്ചാമത്തെ വിമാനം ഇന്നലെ വൈകുന്നേരം 4.30നാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇന്നലെ എത്തിയ സംഘത്തില്‍ 280 പേരും വിദ്യാര്‍ഥികളാണ്. കൂടാതെ ഇറാനിലേക്കു പോയ തീര്‍ഥാടകരും ഇന്നലെ തിരിച്ചെത്തിയവരുടെ കൂട്ടത്തിലുണ്ട്. വിദ്യാര്‍ഥികളില്‍ കൂടുതലും കാഷ്മീര്‍ സ്വദേശികളാണ്.


കണ്ണൂര്‍ സ്വദേശിയും അഹമ്മദാബാദില്‍ സ്ഥിരതാമസക്കാരനുമായ ദിനേശ് കുര്‍ജാനാണ് ഇന്നലെ എത്തിയ സംഘത്തിലുണ്ടായിരുന്ന ഏക മലയാളി. ഇതോടെ 'ഓപ്പറേഷന്‍ സിന്ധു'വിന്റെ ഭാഗമായി ഒരു വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ട് മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി.


ഇറാനിലെ മഷ്ഹദില്‍നിന്നാണ് 311 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം പുറപ്പെട്ടത്. അര്‍ധരാത്രിയില്‍ മറ്റൊരു വിമാനവും ഇതേ സ്ഥലത്തുനിന്നു ഡല്‍ഹിയില്‍ എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷം വ്യാപകമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് 'ഓപ്പറേഷന്‍ സിന്ധു' എന്ന് പേരിട്ട ഒഴിപ്പിക്കല്‍ ദൗത്യം ഇന്ത്യ ആരംഭിച്ചത്.


ഇന്ത്യക്കാര്‍ക്ക് പുറമെ സംഘര്‍ഷത്തില്‍ കുടുങ്ങിയ നേപ്പാള്‍, ശ്രീലങ്കന്‍ പൗരന്മാരെയും നാട്ടിലെത്തിക്കുന്നതിനുള്ള ചുമതല കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും സര്‍ക്കാരുകളുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് നടപടി.


ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി മുഖേനയായിരിക്കും ഈ ദൗത്യം നിയന്ത്രിക്കുക. അയല്‍പക്കം ആദ്യം' എന്ന ഇന്ത്യയുടെ നയത്തിന്റെ ഭാഗമായാണ് ഈ ദൗത്യം ഇന്ത്യ ഏറ്റെടുത്തത് എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

Up